ചങ്ങനാശേരി: സമഗ്രവികസന നിര്‍ദേശങ്ങളടങ്ങിയതാണ് ചങ്ങനാശേരി നഗരസഭാ ബജറ്റെന്ന് ഭരണപക്ഷം. കണക്കിലെ കളികള്‍കൊണ്ട് നിറഞ്ഞ നിര്‍ദേശങ്ങള്‍ മാത്രമാണെന്ന് പ്രതിപക്ഷം.
മുനിസിപ്പല്‍ ഓഫീസ് നിര്‍മാണം, ളായിക്കാട് വനിതാ വിശ്രമകേന്ദ്രം, വണ്ടിപ്പേട്ട ഷോപ്പിംഗ് കോംപ്ലക്സ്, പെരുന്ന ഷോപ്പിംഗ് കോംപ്ലക്സ്, ളായിക്കാട് സ്പോര്‍ട്സ് കോംപ്ലക്സ്, ശതാബ്ദി സ്മാരക ടവര്‍, സ്കാവഞ്ചര്‍ യന്ത്രം, സസ്യമാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ്, മാലിന്യസംസ്കരണം തുടങ്ങിയ പദ്ധതികള്‍ നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് ഭരണപക്ഷം അഭിപ്രായപ്പെട്ടു. നഗരസഭയുടെ റവന്യു വരുമാനവര്‍ധനയ്ക്ക് ഉപകരിക്കുന്ന പദ്ധതികള്‍ ബജറ്റ് നിര്‍ദേശങ്ങളില്‍ കാണുന്നില്ലെന്ന് പ്രതിപക്ഷത്തെ സിപിഎം അംഗങ്ങള്‍ ആരോപിച്ചു. എല്ലാ മേഖലകളിലും വികസനം എത്തിക്കുന്ന നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടെന്ന് എന്‍ഡിഎ അംഗങ്ങള്‍ പ്രതികരിച്ചു.
മൂന്നുമണിക്കൂര്‍ നീണ്ട ഭരണ-പ്രതിപക്ഷ കൗണ്‍സിൽ അംഗങ്ങളുടെ വാഗ്വാദങ്ങളെത്തുടര്ന്ന് അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ബജറ്റ് പാസാക്കി. യുഡിഎഫ് ഭരണസമിതിയുടെ ബജറ്റ് നിര്‍ദേശങ്ങളെ എന്‍ഡിഎ അംഗങ്ങള്‍ സ്വാഗതം ചെയ്തപ്പോള്‍ പ്രതിക്ഷാംഗങ്ങള്‍ പൂര്‍ണമായി എതിര്‍ത്തു.
ബജറ്റ് ചര്‍ച്ച നീണ്ടുപോകാതിരിക്കാന്‍ ഒരംഗത്തിന് ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള സമയം അഞ്ചു മിനിറ്റ് മാത്രമായിരിക്കുമെന്ന് അധ്യക്ഷത വഹിച്ച ചെയര്മാന് ജോമി ജോസഫ് യോഗത്തിന്റെ് തുടക്കത്തില്‍ നിര്‍ദേശം നല്കി. ഇതിനോട് സിപിഎം അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി.
ഭരണപക്ഷത്തെ കോണ്‍ഗ്രസ് അംഗം ഷൈനി വര്‍ഗീസാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ടി.പി. അജികുമാര്‍, ശക്തി റെജി, വി.കെ. സത്യന്, മാര്ട്ടിന് സ്കറിയ, എല്‍സമ്മ ജോബ്, ബീന സലിം, എ.പി. സിയാദ്, അംബിക വിജയന്, പ്രസന്നകുമാരി ടീച്ചര്‍, അജീഷ് കൊച്ചുകൊട്ടാരം, എസ്.എച്ച്. ആര്യാമോള്‍, ബിനു, മോഹനന്, ബീനാ ജോബി, ജിനിമോള്‍ ഷാജി, രേഖ ശിവകുമാര്‍, ശാന്തി മുരളീധരന് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഫാത്തിമാപുരത്തെ സിഎന്‍ജി പ്ലാന്റ്: ആശങ്കകൾ അകറ്റണം
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഫാത്തിമാപുരത്തു നിര്‍ദേശിക്കപ്പെട്ട സിഎന്‍ജി പ്ലാന്റ് സംബന്ധിച്ചു നാട്ടുകാരില്‍ നിലനില്‍ക്കുന്ന ആശങ്ക ചർച്ചകളിലൂടെ പരിഹരിക്കണം. കഴിഞ്ഞ എൽഡിഎഫ് നഗരസഭാ കൗണ്‍സിൽ നിർദേശിച്ച പദ്ധതിയെ യുഡിഎഫ് എതിര്‍ത്തിരുന്നു. 24 കോടി രൂപയുടെ പദ്ധതിയാണ് ഇത്. ദിനംപ്രതി മുപ്പത് ടണ്‍ ജൈവമാലിന്യം വേണം. അതിനു മറ്റു പഞ്ചായത്തുകളില്നിന്നുൾപ്പെടെ മാലിന്യം എത്തിക്കേണ്ടിവരും. നല്ല ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം മാത്രമേ പദ്ധതി നടപ്പാക്കാവൂ.
വൈസ് ചെയര്‍പേഴ്സണ്‍ കെ.എം. നെജിയ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോസഫ് ചാക്കോ, സ്വതന്ത്രാംഗം അന്നമ്മ രാജു ചാക്കോ എന്നിവരാണ് വിഷയം ഉന്നയിച്ചത്.